Tuesday, January 23, 2024

ഹരിഹർഫോർട്ടിനെ തൊട്ടറിയാൻ - നാഷിക്കിലേക്ക്..

 മഹാരാഷ്ട്രയിലെ ഹരിഹർഫോർട്ടിലേക്ക്

സാഹസികത ഇഷ്ടപെടുന്ന യാത്രയ്ക്കാരെ ഏറെ ആകർഷിക്കുന്ന ഹരിഹർഫോർട്ട് അഥവാ ഹർഷാഗദ്, മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ് ഉൾപ്പെടുന്നത്. ചിലപ്പോൾ അതിഭീകരൻ ആയ കോട്ട എന്ന് വേണമെങ്കിലും നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. മലക്കയറ്റം ഇഷ്ടപെടുന്നവരുടെയും, ഉയരം ലഹരിയായി തോന്നുന്നവരുടെയും പ്രിയപ്പെട്ട സ്ഥലം! ഏറെ ലളിതമായി പറഞ്ഞാൽ 80° ചെരിഞ്ഞ ഒരു മല കയറുക, അതും ഇരു കൈകളും ഇരു കാലുകളും ഒരുമിച്ച് ഉപയോഗിച്ച കയറുക..!

സമുദ്ര നിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ ആണ് ഇവിടത്തെ സാവിശേഷത.







എങ്ങനെ എത്താം

ഞങ്ങൾ മംഗലാപുരത്തു നിന്ന് 7 മണിക്ക് പുറപ്പെടുന്ന മംഗള ലക്ഷദ്വീപിൽ ആണ് യാത്ര ആരംഭിച്ചത്. പിറ്റേന്ന് 4.40 ആയപ്പോൾ 'നാഷിക് റോഡ്' എന്ന സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷന് അടുത്ത തന്നെയായി ബസ് സ്റ്റാൻഡ് ഉണ്ട്. ത്രയമ്പകേശ്വറിലേക് ഉള്ള ഒരുപാട് ബസുകളും അവിടെ കാണാം. ഓട്ടോ, ടാക്സി ഡ്രൈവർമാർ ഒക്കെ പല വിധത്തിലും നമ്മളെ കബളിപ്പിക്കാൻ നോക്കും. 'ബസ്സ് വളഞ്ഞു 3 മണിക്കൂർ എടുത്തേ പോകുള്ളൂ, ബസ് ചാർജ് വളരെ കൂടുതൽ ആണ്, ത്രയമ്പകം അമ്പലം വരെ എത്തില്ല' എന്നതൊക്കെ പറയും. പക്ഷെ വെറും ഒരാൾക്കു 70 രൂപ കൊടുത്ത് 1.15 മണിക്കൂർ കൊണ്ട് ത്രയമ്പകം അമ്പലം വരെ നമുക്ക് എത്തിച്ചേരാം. ഹിന്ദി അത്യാവശ്യം കൈകാര്യം ചെയ്യാൻ അറിഞ്ഞാൽ ഏറെ നല്ലത്.

താമസസൗകര്യങ്ങൾ

ത്രയമ്പകം അമ്പലത്തിനു അടുത്തായി ഒരുപാട് ലോഡ്ജുകൾ ഉണ്ട്. ഡോർമെറ്ററി, റൂം ഒകെ ലഭ്യമാണ്. ഞങ്ങൾ അംബേദ്കർ പ്രതിമയുടെ അടുത്തായി 'ഓം ഗുരുദേവ്' ഹോട്ടലിനോട് ചേർന്നുള്ള ലോഡ്ജിൽ റൂം എടുത്തു. രണ്ട് ദിവസത്തേക്ക് ഞങ്ങൾ 5 പേർക് 1600 രൂപയെ ചിലവ് വന്നിട്ടുള്ളു. അത്യാവശ്യം സൗകര്യം ഉള്ള റൂം ആയിരുന്നു. കൂടാതെ ഇത് ത്രയമ്പകം അമ്പലത്തിന്റെ അടുത്ത് ആയതുകൊണ്ട് അമ്പലം സന്ദർശിക്കേണ്ടവർക്ക് എളുപ്പവും ആണ്.

ഹരിഹർ ഫോർട്ടിലേക്ക്

ഹരിഹർഫോർട്ടിലേക് പിറ്റേന്ന് പുലർച്ചെ പുറപ്പെടാൻ തലേന്ന് തന്നെ ഓട്ടോ ഡ്രൈവറെ ഏർപ്പാടാക്കുന്നതാണ് നല്ലത്. ഞങ്ങൾ അവിടെ ഉള്ള ഒരു ഡ്രൈവറെ ഏല്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിടുന്നതിനു പുറമെ 4 മണിക്കൂർ വെയ്റ്റിംഗ് കൂടി ആയാൽ 1200 രൂപ ആണ് ഓട്ടോ ചാർജ്. എക്സ്ട്രാ വെയ്റ്റിംഗിന് മണിക്കൂർ 200 രൂപ വെച്ചു കൂടും. പിറ്റേന്ന് പുലർച്ചെ 5.45 ആയപ്പോൾ ഞങ്ങളുടെ ഡ്രൈവർ എത്തി. രണ്ട് ഗ്രാമങ്ങൾ വഴി ഹരിഹർഫോർട്ടിൽ എത്തിച്ചേരാം. ഒന്ന് ഹർഷവാടി, മറ്റൊന്ന് നിർഗുഡ്പാട. ഞങ്ങൾ ഹർഷവാടി വഴി ആണ് പോയത്. ഒരു ചെറിയ താടാകത്തിൽ നിന്ന് തുടങ്ങുന്ന യാത്ര ആദ്യ സമയങ്ങളിൽ വളരെ ലളിതം ആയി തോന്നും. ഒരു മീഡിയം ട്രെക്കിങ് അനുഭവം ആണ് തുടക്കത്തിൽ. മനോഹരമായ വഴികളിലൂടെ കാഴ്ചകൾ കണ്ട് നടന്ന് കുറച്ചു കഴിയുമ്പോൾ ഹരിഹർഫോർട്ടിന്റെ ലംബമായ പടികളിലൂടെ ഉള്ള കയറ്റം തുടങ്ങും.

പോകുന്ന വഴിയിൽ കുറച്ചു കടകൾ ഒക്കെ കാണാം. അത്യാവശ്യം വെള്ളം, പലഹാരം ഒക്കെ ഇവിടെ കിട്ടും. പ്രധാന കാവടത്തിൽ എത്തുന്നതിനു മുമ്പ് ഏകദേശം 90 പടികൾ ഉണ്ട്. ഇടതുവശം താഴ്‌വാരയിലേക്കും വലതുഭാഗം കോട്ടയുടെ മതിലിലേക്കും ചേർന്നിരിക്കുന്നു. പിടിച്ചു കയറാൻ പടികളിൽ കുഴികൾ ഉണ്ട്. ഒന്നിലധികം ആൾകാർക്ക് മുന്നോട്ട് ഒരേ സമയം പോകാൻ കഴിയില്ല.

കവാടം കഴിഞ്ഞാലും പിന്നെയും കുറച്ചു കഠിനമായ പടികൾ കയറണം. വളരെ ജാഗ്രതയോടെ വേണം ഈ പടികൾ കയറാൻ. മഴക്കാലത്തു വഴുതി വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ നമ്മളെ ഭയപ്പെടുത്തുന്ന പടികൾ കാണും. രണ്ടു കൈയും രണ്ടു കാലും ഉപയോഗിച്ചു വളരെ ശ്രെദ്ധയോടെ ആണ് ഞങ്ങൾ കയറിയത്. ഒരാളുടെ അശ്രദ്ധ ബാക്കി ഉള്ളവരെയും ബാധിച്ചേക്കാം. കുരങ്ങുകൾ ഉണ്ടെങ്കിൽ നന്നായി സൂക്ഷിക്കണം. കൈയിലെ ഭക്ഷണ പദാർത്തങ്ങൾ പുറത്ത് എടുത്ത് വെക്കാൻ പാടില്ല. ചിലപ്പോൾ അത് കണ്ട് അവ ആക്രമിച്ചേക്കാം.

വളരെ ചെരിഞ്ഞ, ഒരു കാലിന്റെ കുറച്ചു മാത്രം എത്താവുന്ന പടികളും അവിടെ ഉണ്ട്. കൂടാതെ മുകളിൽ എത്തിയാൽ കോട്ടയുടെ സൈഡിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ പാകത്തിന് ഉള്ള സ്പോട്ടുകളും ഉണ്ട്. ഗുഹയിലൂടെ പിന്നെയും കയറിയാൽ വിശാലമായ ഒരു പ്രതലത്തിൽ നമ്മൾ എത്തിച്ചേരും. ഹനുമാന്റെയും ശിവന്റെയും ഒരു ചെറിയ ക്ഷേത്രവും അതിനുമുമ്പിൽ ചെറിയ കുളവും കാണാം. ബലേക്കില്ല അല്ലെങ്കിൽ കോട്ടയുടെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ഇവിടെ നിന്ന് നമുക്ക് കാണാം. മുകളിൽ നല്ല കാറ്റും , ചെറിയ മഴ വന്നാൽ നല്ല കോടയും ഉണ്ടാകും.





പോകാൻ പറ്റിയ ഏറ്റവും നല്ല സമയം

മൺസൂൺ കാലത്ത് ആണ് കോട്ട ഏറ്റവും മനോഹരിയായി കാണപ്പെടുക. ജൂലൈ മുതൽ ഒക്ടോബർ വരെ കോട്ട നല്ല പച്ചപ്പ് നിറഞ്ഞതാകും. പക്ഷെ ഏറെ ജാഗരൂകരായി വേണം മല കയറാൻ. അപകട സാധ്യത തള്ളികളയാൻ ആവില്ല. അത്പോലെ ത്രയമ്പകേശ്വറിൽ നിന്ന് എത്ര നേരത്തെ ഉറങ്ങുന്നോ അത്രയും നല്ലത്. അതാകുമ്പോൾ കോട്ടയിലെക് തിരക്ക് ഒന്നും ഇല്ലാതെ സുഖമായി കയറാം. മഴകോട്ട്, വെള്ളം, കഴിക്കാൻ ചെറിയ സ്നാക്ക്സ് ഒകെ എടുക്കുന്നത് നന്നാവും. കോട്ടയുടെ മുകളിൽ ഒരു ചായക്കട ഉള്ളതും ഏറെ ഉപയോഗപ്രദമാണ്. അവിടെ നിന്ന് ചൂട് മാഗിയും ചായയും സ്നാക്ക്സും നമുക്ക് വേണമെങ്കിൽ വാങ്ങാം.

ട്രെക്കിങ് ഹൈലൈറ്റ്സ്

1. കോട്ടയുടെ മുകളിലെ രണ്ട് ക്ഷേത്രങ്ങൾ
2. ക്ഷേത്രത്തിനു മുമ്പിലെ കുളം
3. സഹ്യദ്രി ത്രയമ്പകശ്വർ പാർവതാനിരകളുടെ 360° പനോരമിക് കാഴ്ച
4. മൺസൂൺ ട്രക്കിങ്ങിൽ മഴ പെയ്ത കോടയിൽ കുളിച്ചു നിൽക്കുന്ന കോട്ടയിലെ ത്രില്ലിംഗ് അനുഭവം
5. അതിമനോഹരമായ പച്ചപ്പ്.

ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇവിടെ കയറാൻ ടൂറിസതിന്റെയോ വനംവകുപ്പിന്റെയോ അനുമതി വേണ്ട ആവശ്യം ഇല്ല
2. കുറഞ്ഞത് 2 ലിറ്റർ വെള്ളം, ഓർസ്, ഗ്ളൂക്കോസ് എന്നിവ കരുതുക
3. ഭാരം കൂട്ടുന്ന സാധനങ്ങൾ പരമാവധി ഒഴിവാക്കുക
4. കുറച്ചു ഗ്രിപ്പ് ഉള്ള ഷൂ ഉപയോഗിക്കുക
5. മഴക്കാലം ആണെങ്കിൽ കോട്ട് കരുതുക

No comments:

Post a Comment

ഹരിഹർഫോർട്ടിനെ തൊട്ടറിയാൻ - നാഷിക്കിലേക്ക്..

  മഹാരാഷ്ട്രയിലെ ഹരിഹർഫോർട്ടിലേക്ക് സാഹസികത ഇഷ്ടപെടുന്ന യാത്രയ്ക്കാരെ ഏറെ ആകർഷിക്കുന്ന ഹരിഹർഫോർട്ട് അഥവാ ഹർഷാഗദ്, മഹാരാഷ്ട്രയിലെ നാഷിക് ജില്...